Welcome to Pookkottur News..................

വിജയത്തിളക്കത്തില്‍ ഷിഹാബ്‌

Thursday, May 6, 2010
Posted by Unknown

മലപ്പുറം: ദീര്‍ഘനേരം തുടര്‍ച്ചയായി കൈമുട്ടുകള്‍ക്കിടയില്‍ പേനവച്ച്‌ പരീക്ഷയെഴുതുമ്പോള്‍ പലവട്ടം ഷിഹാബിന്‌ വേദനിച്ചിരുന്നു. മനസ്സില്‍ നിറയെ പാഠഭാഗങ്ങള്‍ മാത്രമായിരുന്നതുകൊണ്ട്‌ പാതിയില്‍ നിര്‍ത്താന്‍ ഒരുക്കമല്‍ളായിരുന്നു. കൈയകലത്തില്‍ വിജയം കാത്തിരിപ്പുണ്ടെന്ന്‌ ജന്‍മനാ കൈകാലുകളില്ലാത്ത ഈ വിദ്യാര്‍ഥി ഉറച്ചു വിശ്വസിച്ചു. ആ ദൃഢനിശ്ചയത്തിന്‌ ഇത്‌ വിജയത്തിന്റെ മധുരനിമിഷം. പൂക്കോട്ടൂര്‍ ചെറുപറമ്പന്‍ ഷിഹാബുദ്ദീന്‍ നാല്‌ എ പ്ലസ്‌, അഞ്ച്‌ എ, ഒരു ബി എന്ന തിളക്കമാര്‍ന്ന നേട്ടത്തിലൂടെയാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയം നേടിയത്‌.

പൂക്കോട്ടൂര്‍ അറവങ്കര ജിഎച്ച്‌എസ്‌എസില്‍ സഹപാഠികളോടൊപ്പം ഷിഹാബുദ്ദീന്‍ പരീക്ഷ എഴുതിയത്‌ ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചാണ്‌. മല്‍സ്യക്കച്ചവടക്കാരനായ ചെറുപറമ്പന്‍ അബൂബക്കറിന്റെ ഏഴു മക്കളില്‍ അഞ്ചാമനായ ഷിഹാബുദ്ദീന്റെ വിജയത്തിനു പിന്നില്‍ പിതാവിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്തുണയുമുണ്ട്‌. ഏഴാം ക്ലാസ്‌ വരെ വീട്ടിലിരുന്നു സ്വയം പഠിച്ചു പരീക്ഷ എഴുതിയ ഷിഹാബുദ്ദീന്‍ എട്ടാംക്ലാസ്‌ മുതലാണ്‌ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്‌.

ബൈക്കിന്റെ പിറകിലിരുത്തി ബെല്‍റ്റ്കൊണ്ട്‌ ബന്ധിച്ചാണ്‌ അബൂബക്കര്‍ മകനെ പതിവായി സ്കൂളിലെത്തിച്ചിരുന്നത്‌. പഠനത്തില്‍ മിടുക്കനായ ഷിഹാബുദ്ദീന്‍ എസ്‌എസ്‌എല്‍സിക്കു മികച്ച വിജയം നേടുമെന്ന്‌ അധ്യാപകര്‍ നേരത്തേതന്നെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കൈമുട്ടുകള്‍ക്കിടയില്‍ പേനവച്ച്‌ ഷിഹാബ്‌ മനോഹരമായ ചിത്രങ്ങളും വരയ്ക്കുന്നു.

മനോരമ

1 comments:

അശ്രഫ് ഉണ്ണീന്‍ said...

Inspirting news.
Congratulation to shiab & basheer