Welcome to Pookkottur News..................

വള്ളുവമ്പ്രത്ത്‌ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

Saturday, September 26, 2009
Posted by Unknown

മഞ്ചേരി: വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്ന വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന്‌ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിനു മുമ്പും നിരവധി അപകടങ്ങളാണ്‌ ഇവിടം സംഭവിച്ചത്‌. മഞ്ചേരിയില്‍ നിന്നു കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുന്ന വാഹനങ്ങളും കോഴിക്കോട്‌ നിന്നും മലപ്പുറം ഭാഗത്തേക്ക്‌ പോവുന്ന വാഹനങ്ങളും ഒരേ സമയം വള്ളുവമ്പ്രം ജങ്ങ്ഷനില്‍ എത്തുന്നതാണ്‌ അപകടത്തിന്‌ കാരണമാവുന്നത്‌.


വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്‌ സ്പീഡ്‌ ബ്രേക്കറോ, ഹംപുകളോ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇതു കാരണം അമിതവേഗതയില്‍ വിപരീത ദിശയില്‍ ഇരു റോഡുകളിലൂടെ എത്തുന്ന വാഹനങ്ങള്‍ ഒരേസമയം റോഡില്‍ പ്രവേശിക്കുമ്പോള്‍ കൂട്ടിയിടിക്കാന്‍ സാധ്യത ഏറെയാണ്‌.
കഴിഞ്ഞ ദിവസം വൃദ്ധ മരിക്കാനിടയാക്കിയ അപകടത്തില്‍പെട്ട രണ്ടു ഓട്ടോറിക്ഷകളും ഈ വിധത്തില്‍ കൂട്ടിയിടിക്കുകയാണുണ്ടായത്‌.
വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കുകയാണെങ്കില്‍ വാഹനങ്ങളുടെ അമിത വേഗവും കൂട്ടിമുട്ടുന്നതും ഒഴിവാക്കാമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ജങ്ങ്ഷനു സമീപമായി ബസ്്സ്റ്റോപ്പ്‌ സ്ഥിതിചെയ്യുന്നതുള്‍പ്പെടെയുള്ള സ്ഥലം പൊതുമരാമത്ത്‌ വകുപ്പിന്റേതായതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എളുപ്പമാണെന്നാണ്‌ നാട്ടുകാരുടെ പക്ഷം


തേജസ് ദിനപത്രം

0 comments: