Welcome to Pookkottur News..................

പേരാട്ട സ്‌മരണയില്‍ പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം; നാളെ സെമിനാര്‍

Wednesday, August 26, 2009
Posted by Unknown

മലപ്പുറം: മലബാര്‍ കലാപത്തിന്റെ ഭാഗമായി ഭാഗമായി നടന്ന പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം നാളെ. 1921 ഓഗസ്‌റ്റ് 26 നു പുക്കോട്ടൂരില്‍ ബ്രിട്ടീഷ്‌ പട്ടാളക്കാരുമായി രണ്ടായിരത്തോളം വരുന്ന ഖിലാഫത്ത്‌ ഭടന്‍മാര്‍ നേരിട്ടേറ്റുമുട്ടി മുന്നൂറിലധികം ദേശാഭിമാനികള്‍ മരണം വരിക്കുകയായിരുന്നു. കട്ടിലശേരി മൗലവിയും എം.പി നാരായണ മേനോനും നേരിട്ടെത്തിയായിരുന്നു പുക്കോട്ടൂരില്‍ ഖിലാഫത്ത്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഇതിന്റെ സെക്രട്ടറിയായി നിയമിതനായതു വടക്കുവീട്ടില്‍ മമ്മദു ആയിരുന്നു. എന്നാല്‍ മമ്മദുവാകട്ടെ നിലമ്പുര്‍ കോവിലകത്തെ കാര്യസ്‌ഥനായിരുന്നു. ഖിലാഫത്ത്‌ സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ കോവിലകത്തെ ജന്‍മിയുമായി അകന്ന മമ്മദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കള്ളക്കേസുണ്ടാക്കി അറസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നു ജന്‍മിയേയും പോലിസ്‌ ഉദ്യോഗസ്‌ഥരേയും മാപ്പിളമാര്‍ ഒന്നിച്ചു നേരിട്ടു. ഇതിന്റെ പശ്‌ചാത്തലത്തില്‍ രണ്ടായിരത്തോളം മാപ്പിളമാര്‍ കോഴിക്കോടു നിന്നും പുറപ്പെട്ട പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ചു തടഞ്ഞു. പിന്നീടു നടന്ന യുദ്ധമാണു പൂക്കോട്ടുര്‍ യുദ്ധം. പുക്കോട്ടൂരിനും പിലാക്കലിനും ഇടയിലുള്ള തോട്‌ കിടങ്ങാക്കി അതില്‍ ഒളിച്ചിരുന്നു പട്ടാള വണ്ടികളെ വെടിവെച്ച്‌ ഭടന്‍മാര്‍ നെല്‍വയലില്‍ ഇറങ്ങിയാല്‍ വെട്ടിക്കൊല്ലുക എന്നായിരുന്നു മാപ്പിളമാരുടെ തന്ത്രം. ആസൂത്രണത്തിലെ പാളിച്ച കാരണം മാപ്പിളമാര്‍ക്കു വന്‍ നഷ്‌ടമുണ്ടായി. ബ്രിട്ടീഷ്‌ പട്ടാള സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ലങ്കാസ്‌റ്ററേയും ഏതാനും സൈനികരേയും അന്നു മാപ്പിളമാര്‍ വകവരുത്തി. ഈ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ അറവങ്കര പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നു ചരിത്ര സെമിനാര്‍ നടക്കും. പി.വി അബ്‌ദുല്‍ വഹാബ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. അബ്‌ദുസമദ്‌ പൂക്കോട്ടുര്‍, ഡോ. അബ്‌ദുറസാഖ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അബ്‌ദുറഹ്‌മാന്‍ കാരാട്ട്‌ അധ്യക്ഷത വഹിക്കും. മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ മൊയ്‌തു വാണിമേല്‍, ഉമര്‍ പാണ്ടികശാല പ്രസംഗിക്കും.

Mangalam Daily

26.08.09

0 comments: