Welcome to Pookkottur News..................

വാതക പൈപ്പ്‌ ലൈന്‍:സമരം ശക്തമാക്കാന്‍ യൂത്ത്‌ ലീഗ്‌

Wednesday, December 7, 2011
Posted by Unknown

പൂക്കോട്ടൂര്‍: പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൊച്ചി- മംഗലാപുരം വാതക പൈപ്പ്ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നത്‌ തടയാനും സമരം ശക്തമാക്കാനും മുസ്ലിം യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റി. . 10ന്‌ വൈകിട്ട്‌ ഏഴിന്‌ പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. യോഗം പി.എ.സലാം ഉദ്ഘാടനം ചെയ്തു. വി. ജംഷാദ്‌ ആധ്യക്ഷ്യം വഹിച്ചു. കെ. ഇസ്മായില്‍, ടി.വി. മുഹമ്മദ്‌ ഹാജി, കെ. അസീസ്‌, സി.ടി. നൌഷാദ്‌, ടി. സല്‍മാന്‍, ജനറല്‍ സെക്രട്ടറി എന്‍.പി. അക്ബര്‍, സി. സെയ്തലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

News @ Manorama

പൂക്കോട്ടൂരിന് റാങ്കിന്‍ തിളക്കം

Monday, September 19, 2011
Posted by Unknown

കേരള യൂണിവേഴ്‌സിറ്റി എം.എ അറബിക് പരീക്ഷയില്‍ രണ്ടാം റാങ്ക് പൂക്കോട്ടൂര്‍ മുണ്ടിതൊടികയിലെ മുഹമ്മദ് ശാഫി ഹുദവിക്ക്. പൂക്കോട്ടൂര്‍ മുണ്ടിതൊടികയിലെ പനമ്പുഴ അബ്ദു റസാഖിന്റെയും കദീജയുടെയും  മകനാണ്.നേരത്തെ കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യേളജിയില്‍ ബിരുദം നേടിയ മുഹമ്മദ് ശാഫിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫങ്ഷനല്‍ അറബിയില്‍ ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്.



പൂക്കോട്ടൂരില്‍ അജഗ്രാമം പദ്ധതി തുടങ്ങുന്നു

Sunday, August 14, 2011
Posted by Unknown

മലപ്പുറം: കേരള സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ അജഗ്രാമം പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീ മുഖേന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 28 പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്.

ആടുവളര്‍ത്തലിന് പ്രത്യേകം താത്പര്യവും അഭിരുചിയുമുള്ളവര്‍ക്ക് പൊതുഅവബോധ ക്ലാസുകള്‍ നടത്തും. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് ദിവസത്തെ പരിശീലനവും ഫീല്‍ഡ് സന്ദര്‍ശനവും നല്‍കി പദ്ധതിയിലേക്ക് ഒരുക്കും. ഒരു യൂണിറ്റില്‍ അഞ്ച് അംഗങ്ങളാകും ഉണ്ടാകുക. 18നും 55നും ഇടയില്‍ പ്രായമുള്ള ഓരോ അംഗത്തിനും അഞ്ച് വീതം ആടുകള്‍ വാങ്ങുന്നതിനും കൂടുനിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. ബാങ്ക് വായ്പയും ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു വിപണന ഗ്രൂപ്പും ആട് തീറ്റപ്പുല്ല് കൃഷിചെയ്യുന്ന മറ്റൊരു ഗ്രൂപ്പും കുടുംബശ്രീ സി.ഡി.എസ്. മുഖേന രൂപവത്കരിക്കും. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കുടുംബശ്രീ ഭാരവാഹികളുടെയും മൃഗസംരക്ഷണ വിഭാഗത്തിന്റെയും പ്രത്യേകയോഗം ചൊവ്വാഴ്ച 10.30ന് പഞ്ചായത്ത് ഓഫീസില്‍ചേരും. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകമായ കോര്‍ ഗ്രൂപ്പ് രൂപവത്കരിക്കും.

കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള ആടുകളെ ലഭ്യമാക്കുന്നതിന് പഞ്ചായത്തില്‍ അജമേളയും സംഘടിപ്പിക്കും.

Posted on: 14 Aug 2011
Mathrubhumi.com

പൂക്കോട്ടൂര്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് നാളെ തുടക്കം

Saturday, February 12, 2011
Posted by Unknown

പൂക്കോട്ടൂര്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് നാളെ തുടക്കം



മലപ്പുറം: പൂക്കോട്ടൂരില്‍ തിമിര വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്യും. കാലത്ത് 8.30 മുതല്‍ ഒരു മണി വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടക്കും.

അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയുടെ സഹായത്തോടെ തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. ഇവര്‍ക്ക് താമസം, ഭക്ഷണം, യാത്ര സൗജന്യമായിരിക്കും. തിമിരബാധിതരായ മുഴുവന്‍ രോഗികളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികാചരണം 26ന്‌

Monday, August 23, 2010
Posted by Unknown

മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികാചരണം 26ന്‌ അറവങ്കരയില്‍ നടത്തും. 26നു രാവിലെ 10ന്‌ എം. ഗംഗാധരന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.എം. കുഞ്ഞാന്‍ ആധ്യക്ഷ്യം വഹിക്കും. പൂക്കോട്ടൂര്‍ യുദ്ധ സ്മാരകമായി സ്ഥാപിച്ചിട്ടുള്ള പികെഎംഐസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ വാര്‍ഷികം നടത്തുന്നത്‌. 1921 ഓഗസ്റ്റ്‌ 26നു ബ്രിട്ടീഷ്‌ സൈന്യത്തോട്‌ ഏറ്റുമുട്ടി നാനൂറോളം ഖിലാഫത്ത്‌ പോരാളികളാണ്‌ ഇവിടെ വീരമൃത്യു വരിച്ചത്‌.

സഹായനിധി രൂപീകരിച്ചു

Wednesday, July 7, 2010
Posted by Unknown

പൂക്കോട്ടൂര്‍: ഇരുമ്പുഴിയില്‍ മരണപ്പെട്ട തയ്യന്‍ മൊയ്തീന്റെ കുടുംബ സഹായകമ്മിറ്റി രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന പൂക്കോട്ടൂര്‍, മുണ്ടിതൊടിക, മാര്യാട്‌, വീമ്പൂര്‍, ഇരുമ്പുഴി മഹല്ല്‌ നിവാസികളുടെ സംയുക്ത യോഗത്തില്‍ മുണ്ടിതൊടിക ജുമാമസ്ജിദ്‌ ഖാസി ശറഫുദ്ദീന്‍ നിസാമി അധ്യക്ഷതവഹിച്ചു. ഹസ്സന്‍സഖാഫി മുഖ്യപ്രഭാഷണം നടത്തി. ടി വി ഇബ്രാഹീം, കാരാട്ട്‌ അബ്ദുര്‍റഹ്മാന്‍, കോട്ടമൂസ, കെ പി മൊയ്തീന്‍കുട്ടി, നജ്്മുദ്ദീന്‍ സഖാഫി സംസാരിച്ചു. അഞ്ച്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളും ആണ്‌ മൊയ്തീനുള്ളത്‌. പഞ്ചായത്ത്‌ ധനസഹായം കൊണ്ട്‌ നിര്‍മിച്ച്‌ കൊണ്ടിരിക്കുന്ന വീട്‌ പണിയും മക്കളുടെ വിവാഹം, വിദ്യാഭ്യാസം മറ്റു ദൈനംദിനം ചെലവുകള്‍ എന്നിവക്ക്‌ ഫണ്ട്‌ സ്വരൂപിക്കുന്നതിന്‌ കെ മുഹമ്മദുണ്ണിഹാജി എം.എല്‍.എ മുഖ്യരക്ഷാധികാരിയും അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, പി ഉബൈദുല്ല, കുരുണിയന്‍ സൈനുദ്ദീന്‍ഹാജി, ഒ എം ജമാല്‍ഹാജി, കെ എം അക്ബര്‍, വി കെ എം അലി, മൂഴിക്കല്‍ ഇസ്മയില്‍ നജ്്മുദ്ദീന്‍ സഖാഫി എന്നിവര്‍ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികള്‍: ഒ എം ജബ്ബാര്‍ ഹാജി (ചെയര്‍മാന്‍), വി കെ യൂസുഫ്‌ ഹാജി (കണ്‍വീനര്‍), വി വി ഇബ്രാഹീം (ഖജാഞ്ചി).
സഹായം അയക്കേണ്ടത്‌. തയ്യന്‍ മൊയ്തീന്‍ കുടുംബസഹായകമ്മിറ്റി, ടആ അ/ര ചീ:5346. പൂക്കോട്ടൂര്‍ സര്‍വീസ്‌ കൊ-ഓപറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌.

കാരാട്ട് മുഹമ്മദ് ഹാജി അനുസ്മരണം നടത്തി

Thursday, June 10, 2010
Posted by Unknown

പൂക്കോട്ടൂര്‍: മുസ്്ലിം ലീഗ്‌ നേതാവും പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കാരാട്ട്‌ മുഹമ്മദ്‌ ഹാജി അനുസ്്മരണ സമ്മേളനം പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വികലാംഗ വിദ്യാര്‍ഥി ഇ സി മൊയ്തീന്‌ ശിഹാബ്‌ തങ്ങള്‍ റിലീഫ്‌ സെല്ലിന്റെ മോട്ടോര്‍ സൈക്കിളും പഠന സഹായവും, പൂക്കോട്ടൂര്‍ പഞ്ചായത്തില്‍നിന്ന്‌ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്‌ കാരാട്ട്‌ മുഹമ്മദ്‌ ഹാജി സ്മാരക അവാര്‍ഡുകളും തങ്ങള്‍ വിതരണം ചെയ്തു.
കോഴിശ്ശേരി കുഞ്ഞിമുഹമ്മദ്‌ മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്‌.എസ്‌.എല്‍.സി വിജയശതമാനം 97 ശതമാനമായി ഉയര്‍ത്തിയ പൂക്കോട്ടൂര്‍ ഗവ. ഹൈസ്കൂളിനുള്ള പ്രത്യേക അവാര്‍ഡ്‌ കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നല്‍കി.
അബ്ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അബ്ദുര്‍റഹ്മാന്‍ കാരാട്ട്‌, മുന്‍ എം.എല്‍.എ ഇഷാഖ്‌ കുരിക്കള്‍, മലപ്പുറം മണ്ഡലം മുസ്്ലിം ലീഗ്‌ പ്രസിഡന്റ്‌ പി ഉബൈദുല്ല, സെക്രട്ടറി കാടേരി അബ്ദുല്‍ അസീസ്‌, സി.പി.എം ഏരിയാ സെക്രട്ടറിമാരായ ടി പി മുഹമ്മദ്കുട്ടി, കാരികുഴിയന്‍ മുഹമ്മദ്‌ കുട്ടി, യുത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ പി എ സലാം, ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ പി ഉണ്ണീതു ഹാജി, മുസ്്ലിം ലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ ഇസ്മായില്‍, എന്‍ പി മൊയ്തീന്‍, കോതൊടി വാഹിദ്‌ സംസാരിച്ചു.

സില്‍വര്‍ ജൂബിലി സമാപിച്ചു

Saturday, May 29, 2010
Posted by Unknown

വള്ളുവമ്പ്രം: അഞ്ച്‌ മാസമായി നടന്നു വന്ന അത്താണിക്കല്‍ എം.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ സമാപനം. എം.ഐ.സി യത്തീംഖാനയ്ക്കായി നിര്‍മിച്ച ശിഹാബ്‌ തങ്ങള്‍ സ്മാരക ഹോസ്റ്റലും സില്‍വര്‍ ജൂബിലി സമാപനസമ്മേളനവും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ മുഖ്യാതിഥിയായിരുന്നു. സില്‍വര്‍ ജൂബിലി സുവനീര്‍ അഭയംഇ അഹമ്മദ്്‌,എ.പി അനില്‍കുമാര്‍ എം.എല്‍.എക്ക്‌ നല്‍കി പ്രകാശനം ചെയ്തു. എം.ഐ.സി പ്രസിഡണ്ട്‌ പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത പ്രസിഡന്റ്്‌ കാളമ്പാടി മുഹമ്മദ്‌ മുസ്്ല്യാര്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്്ല്യാര്‍, കോട്ടുമുല ടി.എം ബാപ്പു മുസ്്ല്യാര്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുസമദ്‌ പൂക്കോട്ടൂര്‍, കെ. മമ്മദ്‌ ഫൈസി, പി. ഉബൈദുല്ല, എ.എം കുഞ്ഞാന്‍, അരിമ്പ്ര ബാപ്പു, കെ.ഐ. മുഹമ്മദ്‌ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി. ബീരാന്‍കുട്ടി ഹാജി,എം.ഐ.സി ജനറല്‍ സെക്രട്ടറി ടി.വി ഇബ്രാഹീം,എം.അലവിക്കുട്ടി സംസാരിച്ചു. ബില്‍ഡിങ്ങ്‌ കോണ്‍ട്രാക്ടര്‍ ബാപ്പുട്ടിക്കും നിര്‍മാണ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ ചന്തുണ്ണിക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

വിജയത്തിളക്കത്തില്‍ ഷിഹാബ്‌

Thursday, May 6, 2010
Posted by Unknown

മലപ്പുറം: ദീര്‍ഘനേരം തുടര്‍ച്ചയായി കൈമുട്ടുകള്‍ക്കിടയില്‍ പേനവച്ച്‌ പരീക്ഷയെഴുതുമ്പോള്‍ പലവട്ടം ഷിഹാബിന്‌ വേദനിച്ചിരുന്നു. മനസ്സില്‍ നിറയെ പാഠഭാഗങ്ങള്‍ മാത്രമായിരുന്നതുകൊണ്ട്‌ പാതിയില്‍ നിര്‍ത്താന്‍ ഒരുക്കമല്‍ളായിരുന്നു. കൈയകലത്തില്‍ വിജയം കാത്തിരിപ്പുണ്ടെന്ന്‌ ജന്‍മനാ കൈകാലുകളില്ലാത്ത ഈ വിദ്യാര്‍ഥി ഉറച്ചു വിശ്വസിച്ചു. ആ ദൃഢനിശ്ചയത്തിന്‌ ഇത്‌ വിജയത്തിന്റെ മധുരനിമിഷം. പൂക്കോട്ടൂര്‍ ചെറുപറമ്പന്‍ ഷിഹാബുദ്ദീന്‍ നാല്‌ എ പ്ലസ്‌, അഞ്ച്‌ എ, ഒരു ബി എന്ന തിളക്കമാര്‍ന്ന നേട്ടത്തിലൂടെയാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയം നേടിയത്‌.

പൂക്കോട്ടൂര്‍ അറവങ്കര ജിഎച്ച്‌എസ്‌എസില്‍ സഹപാഠികളോടൊപ്പം ഷിഹാബുദ്ദീന്‍ പരീക്ഷ എഴുതിയത്‌ ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചാണ്‌. മല്‍സ്യക്കച്ചവടക്കാരനായ ചെറുപറമ്പന്‍ അബൂബക്കറിന്റെ ഏഴു മക്കളില്‍ അഞ്ചാമനായ ഷിഹാബുദ്ദീന്റെ വിജയത്തിനു പിന്നില്‍ പിതാവിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്തുണയുമുണ്ട്‌. ഏഴാം ക്ലാസ്‌ വരെ വീട്ടിലിരുന്നു സ്വയം പഠിച്ചു പരീക്ഷ എഴുതിയ ഷിഹാബുദ്ദീന്‍ എട്ടാംക്ലാസ്‌ മുതലാണ്‌ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്‌.

ബൈക്കിന്റെ പിറകിലിരുത്തി ബെല്‍റ്റ്കൊണ്ട്‌ ബന്ധിച്ചാണ്‌ അബൂബക്കര്‍ മകനെ പതിവായി സ്കൂളിലെത്തിച്ചിരുന്നത്‌. പഠനത്തില്‍ മിടുക്കനായ ഷിഹാബുദ്ദീന്‍ എസ്‌എസ്‌എല്‍സിക്കു മികച്ച വിജയം നേടുമെന്ന്‌ അധ്യാപകര്‍ നേരത്തേതന്നെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കൈമുട്ടുകള്‍ക്കിടയില്‍ പേനവച്ച്‌ ഷിഹാബ്‌ മനോഹരമായ ചിത്രങ്ങളും വരയ്ക്കുന്നു.

മനോരമ

വള്ളുവമ്പ്രത്ത്‌ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

Saturday, September 26, 2009
Posted by Unknown

മഞ്ചേരി: വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്ന വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന്‌ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിനു മുമ്പും നിരവധി അപകടങ്ങളാണ്‌ ഇവിടം സംഭവിച്ചത്‌. മഞ്ചേരിയില്‍ നിന്നു കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുന്ന വാഹനങ്ങളും കോഴിക്കോട്‌ നിന്നും മലപ്പുറം ഭാഗത്തേക്ക്‌ പോവുന്ന വാഹനങ്ങളും ഒരേ സമയം വള്ളുവമ്പ്രം ജങ്ങ്ഷനില്‍ എത്തുന്നതാണ്‌ അപകടത്തിന്‌ കാരണമാവുന്നത്‌.


വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്‌ സ്പീഡ്‌ ബ്രേക്കറോ, ഹംപുകളോ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇതു കാരണം അമിതവേഗതയില്‍ വിപരീത ദിശയില്‍ ഇരു റോഡുകളിലൂടെ എത്തുന്ന വാഹനങ്ങള്‍ ഒരേസമയം റോഡില്‍ പ്രവേശിക്കുമ്പോള്‍ കൂട്ടിയിടിക്കാന്‍ സാധ്യത ഏറെയാണ്‌.
കഴിഞ്ഞ ദിവസം വൃദ്ധ മരിക്കാനിടയാക്കിയ അപകടത്തില്‍പെട്ട രണ്ടു ഓട്ടോറിക്ഷകളും ഈ വിധത്തില്‍ കൂട്ടിയിടിക്കുകയാണുണ്ടായത്‌.
വള്ളുവമ്പ്രം ജങ്ങ്ഷനില്‍ ട്രാഫിക്‌ ഐലന്റ്‌ സ്ഥാപിക്കുകയാണെങ്കില്‍ വാഹനങ്ങളുടെ അമിത വേഗവും കൂട്ടിമുട്ടുന്നതും ഒഴിവാക്കാമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ജങ്ങ്ഷനു സമീപമായി ബസ്്സ്റ്റോപ്പ്‌ സ്ഥിതിചെയ്യുന്നതുള്‍പ്പെടെയുള്ള സ്ഥലം പൊതുമരാമത്ത്‌ വകുപ്പിന്റേതായതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എളുപ്പമാണെന്നാണ്‌ നാട്ടുകാരുടെ പക്ഷം


തേജസ് ദിനപത്രം

എം.ഐ.സി കോംപ്ലക്‌സ്‌: മുനവ്വറലി പ്രസിഡന്റ്‌

Posted by Unknown

അത്താണിക്കല്‍: അത്താണിക്കല്‍ എം.ഐ.സി യതീംഖാനയുള്‍പ്പെടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്ന എം.ഐ.സി കോംപ്ലക്‌സ്‌ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സയ്യിദ്‌ മുനവ്വറലി ശിഹാബ്‌തങ്ങളെ തിരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റ്‌ ഹാജി കെ. മമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.ഇബ്രാഹിം സ്വാഗതംപറഞ്ഞു. 2010ല്‍ 25വര്‍ഷം പൂര്‍ത്തിയാക്കുന്ന എം.ഐ.സിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. എ.എം.കുഞ്ഞാന്‍, എ.ടി.തങ്ങള്‍, പി.ബീരാന്‍കുട്ടി ഹാജി, എം.സി. ഷാഹുഹാജി, പി.കെ.ഹംസ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി.മൊയ്‌തീന്‍ നന്ദി പറഞ്ഞു.

ചരിത്രസെമിനാര്‍ സംഘടിപ്പിച്ചു

Friday, August 28, 2009
Posted by Unknown

മലപ്പുറം: 1921 ആഗസ്‌ത്‌ 26ന്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരും ഖിലാഫത്ത്‌ സ്വാതന്ത്ര്യസമര പോരാളികളും ഏറ്റുമുട്ടി 300ലധികം ഖിലാഫത്ത്‌ ഭടന്മാര്‍ വീരമൃത്യു വരിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 89-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ അറവങ്കരയില്‍ ചരിത്രസെമിനാര്‍ സംഘടിപ്പിച്ചു. പി.വി. അബ്ദുള്‍വഹാബ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു. സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ ഇന്ത്യയിലേക്ക്‌ വരാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ത്തന്നെ അതിനെതിരെ പോരാട്ടം ആരംഭിച്ചിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

എ.എം. കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുറസാഖ്‌ പ്രബന്ധമവതരിപ്പിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌ മൊയ്‌തു വാണിമേല്‍, യുദ്ധ അനുസ്‌മരണസമിതി ചെയര്‍മാന്‍ അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഫാത്തിമക്കുട്ടി, വൈസ്‌ പ്രസിഡന്റ്‌ കെ.പി. ഉണ്ണീതുഹാജി, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ പി. മൂസ, എം.ടി. അലി, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി.എ. സലാം, മുന്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.വി. ഇബ്രാഹിം, പി.കെ. ഹംസ, കോഴിശ്ശേരി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, എം. സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പേരാട്ട സ്‌മരണയില്‍ പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം; നാളെ സെമിനാര്‍

Wednesday, August 26, 2009
Posted by Unknown

മലപ്പുറം: മലബാര്‍ കലാപത്തിന്റെ ഭാഗമായി ഭാഗമായി നടന്ന പൂക്കോട്ടുര്‍ യുദ്ധത്തിന്റെ 89 ാം വാര്‍ഷികം നാളെ. 1921 ഓഗസ്‌റ്റ് 26 നു പുക്കോട്ടൂരില്‍ ബ്രിട്ടീഷ്‌ പട്ടാളക്കാരുമായി രണ്ടായിരത്തോളം വരുന്ന ഖിലാഫത്ത്‌ ഭടന്‍മാര്‍ നേരിട്ടേറ്റുമുട്ടി മുന്നൂറിലധികം ദേശാഭിമാനികള്‍ മരണം വരിക്കുകയായിരുന്നു. കട്ടിലശേരി മൗലവിയും എം.പി നാരായണ മേനോനും നേരിട്ടെത്തിയായിരുന്നു പുക്കോട്ടൂരില്‍ ഖിലാഫത്ത്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഇതിന്റെ സെക്രട്ടറിയായി നിയമിതനായതു വടക്കുവീട്ടില്‍ മമ്മദു ആയിരുന്നു. എന്നാല്‍ മമ്മദുവാകട്ടെ നിലമ്പുര്‍ കോവിലകത്തെ കാര്യസ്‌ഥനായിരുന്നു. ഖിലാഫത്ത്‌ സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ കോവിലകത്തെ ജന്‍മിയുമായി അകന്ന മമ്മദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കള്ളക്കേസുണ്ടാക്കി അറസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നു ജന്‍മിയേയും പോലിസ്‌ ഉദ്യോഗസ്‌ഥരേയും മാപ്പിളമാര്‍ ഒന്നിച്ചു നേരിട്ടു. ഇതിന്റെ പശ്‌ചാത്തലത്തില്‍ രണ്ടായിരത്തോളം മാപ്പിളമാര്‍ കോഴിക്കോടു നിന്നും പുറപ്പെട്ട പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ചു തടഞ്ഞു. പിന്നീടു നടന്ന യുദ്ധമാണു പൂക്കോട്ടുര്‍ യുദ്ധം. പുക്കോട്ടൂരിനും പിലാക്കലിനും ഇടയിലുള്ള തോട്‌ കിടങ്ങാക്കി അതില്‍ ഒളിച്ചിരുന്നു പട്ടാള വണ്ടികളെ വെടിവെച്ച്‌ ഭടന്‍മാര്‍ നെല്‍വയലില്‍ ഇറങ്ങിയാല്‍ വെട്ടിക്കൊല്ലുക എന്നായിരുന്നു മാപ്പിളമാരുടെ തന്ത്രം. ആസൂത്രണത്തിലെ പാളിച്ച കാരണം മാപ്പിളമാര്‍ക്കു വന്‍ നഷ്‌ടമുണ്ടായി. ബ്രിട്ടീഷ്‌ പട്ടാള സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ലങ്കാസ്‌റ്ററേയും ഏതാനും സൈനികരേയും അന്നു മാപ്പിളമാര്‍ വകവരുത്തി. ഈ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ അറവങ്കര പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നു ചരിത്ര സെമിനാര്‍ നടക്കും. പി.വി അബ്‌ദുല്‍ വഹാബ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. അബ്‌ദുസമദ്‌ പൂക്കോട്ടുര്‍, ഡോ. അബ്‌ദുറസാഖ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അബ്‌ദുറഹ്‌മാന്‍ കാരാട്ട്‌ അധ്യക്ഷത വഹിക്കും. മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ മൊയ്‌തു വാണിമേല്‍, ഉമര്‍ പാണ്ടികശാല പ്രസംഗിക്കും.

Mangalam Daily

26.08.09

സിയാറത്ത്‌ നടത്തി

Posted by Unknown

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരുടെ പൂക്കോട്ടൂര്‍ പിലാക്കലിലെ ഖബറിടങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സിയാറത്ത്‌ നടത്തി. മുണ്ടിതൊടിക മഹല്ല്‌ ഖത്തീബ്‌ ഷംസു മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വംനല്‍കി. അബ്ദുസമദ്‌ പൂക്കോട്ടൂര്‍, എ.എന്‍. കുഞ്ഞാന്‍, കെ. മുഹമ്മദ്‌ഹാജി, കരിമ്പില്‍ വാപ്പു, വി.ടി. അലവിക്കുട്ടി, അബ്ദുറഹ്‌മാന്‍ കാരാട്ട്‌, വടക്കുംവീട്ടില്‍ ഇബ്രാഹിം തുടങ്ങിയവരും പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി. യതീംഖാനയിലെ കുട്ടികളും സിയാറത്തില്‍ പങ്കെടുത്തു. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 89-ാം വാര്‍ഷികം ബുധനാഴ്‌ച ആചരിക്കും.

Mathrubhumi

വിദ്യാരംഗം ശില്‌പശാല

Saturday, January 24, 2009
Posted by Unknown

വള്ളുവമ്പ്രം: വള്ളുവമ്പ്രം എ.എം.യു.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 'എഴുത്തുകൂട്ടം-വായനക്കൂട്ടം' ശില്‌പശാല പ്രധാനാധ്യാപിക പി.ഉമ്മുസല്‍മ ഉദ്‌ഘാടനം ചെയ്‌തു. എം.കെ.സതീശന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുല്‍ഹമീദ്‌, ഷീജ വി.എം, സി.കെ. ഷിനോജ്‌ എന്നിവര്‍ പ്രസംഗിച്ചു.ഷീജ മുണ്ടുപറമ്പ്‌ നേതൃത്വം നല്‌കി. കുട്ടികളുടെ രചനയിലൂടെ 'ചിറകുകള്‍' മാഗസിന്‍ തയ്യാറാക്കി.

ഐക്യദാര്‍ഢ്യറാലി

Wednesday, January 21, 2009
Posted by Unknown

മലപ്പുറം: അലിഗഢ്‌ ഓഫ്‌ കാമ്പസിന്‌ ജില്ലയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന്‌ ഐ.എന്‍.എല്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുള്‍വഹാബ്‌ ഉദ്‌ഘാടനംചെയ്‌തു. ബാപ്പു അധ്യക്ഷത വഹിച്ചു. പുളിക്കല്‍ മൊയ്‌തീന്‍കുട്ടി മഷൂദ്‌ പ്രസംഗിച്ചു. കുഞ്ഞാപ്പ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു. യോഗത്തിനുശേഷം നടന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലിക്ക്‌ മുബാറക്‌ അലവി, അബ്ദുള്ള, സക്കീര്‍ പി.പി എന്നിവര്‍ നേതൃത്വം നല്‍കി.

ജനതാദള്‍ സമ്മേളനം

Tuesday, December 30, 2008
Posted by Unknown

വള്ളുവമ്പ്രം: ജനതാദള്‍ (എസ്‌) വള്ളുവമ്പ്രം യൂണിറ്റ്‌ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ എം.പി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. പി.എം. സഫറുള്ള, ജില്ലാ സെക്രട്ടറി മഠത്തില്‍ സാദിഖലി, മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ നാലകത്ത്‌ അസൈന്‍, മാട്ടപ്പറമ്പില്‍ അനീസ്‌ബാബു എന്നിവര്‍ സംസാരിച്ചു. ഹാരിസ്‌ നാലകത്ത്‌ സ്വാഗതവും നല്ലേങ്ങല്‍ മുജീബ്‌ നന്ദിയും പറഞ്ഞു

നോളജ്‌ ഫെസ്റ്റ്‌-2009

Posted by Unknown

മലപ്പുറം: വള്ളുവമ്പ്രം എം.ഐ.സി ഇംഗ്ലീഷ്‌ സ്‌കൂള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോളജ്‌ ഫെസ്റ്റ്‌-2009 എന്ന ആഘോഷപരിപാടി സംഘടിപ്പിക്കും. ഇംഗ്ലീഷ്‌ പഠനമാധ്യമ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ വിശാലകൂട്ടായ്‌മ ഉണ്ടാക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം. സമീപത്തെ വിവിധ ഇംഗ്ലീഷ്‌ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുക്കും. 

എം.ഐ.സി സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച പ്രദര്‍ശനവസ്‌തുക്കളുടെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌, റീജ്യണല്‍ സയന്‍സ്‌ സെന്റര്‍, റീജ്യണല്‍ കോളേജ്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ഹ്യുമാനിറ്റീസ്‌ എന്നീ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാവും. 31ന്‌ വിവിധ വിഷയങ്ങളില്‍ പ്രൊഫ. കെ.വി. മോഹനന്‍, സഞ്‌ജീവ്‌, സുബ്രഹ്മണ്യന്‍ എന്നിവര്‍ ക്ലാസെടുക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നക്ഷത്ര നിരീക്ഷണ ക്യാമ്പും നടക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ. വേണുഗോപാല്‍, വിദ്യാര്‍ഥികളായ സി.കെ. ഷഹാന, ഹസീന തസ്‌നി, മാജിദ കെ, ബാബു എം എന്നിവര്‍ പങ്കെടുത്തു. 


Mathrubhumi 
2008 December 30

കാരുണ്യ പാലിയേറ്റീവ്‌ സൊസൈറ്റി വാര്‍ഷികം ആഘോഷിച്ചു

Monday, December 29, 2008
Posted by Unknown

പൂക്കോട്ടൂര്‍: അത്താണിക്കല്‍ കാരുണ്യ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസും ഹോം കെയര്‍ വാഹനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദും ഉദ്‌ഘാടനം ചെയ്‌തു. എം. മൊയ്‌തീന്‍കുട്ടി, പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമക്കുട്ടി, പുല്‍പ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഫാത്തിമക്കുട്ടി, കെ.പി. ഉണ്ണീതുഹാജി, അബ്ദുള്ളക്കുട്ടി, ഡോ. നസീറുള്ള, എം. ശ്രീനിവാസന്‍, സി. മുഹമ്മദ്‌, ടി.പി. സലിം, ഇ.കെ. ദാമോദരന്‍, ഡോ. എം.പി. മാത്യൂസ്‌ നമ്പോലി, എന്‍. ഹാരിസ്‌, ആര്‍.കെ, കെ.കെ. വത്സ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്തുകളിലാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌.

എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പ്‌

Saturday, December 27, 2008
Posted by Unknown

മലപ്പുറം: പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പ്‌ ജില്ലാപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി.കെ. കുഞ്ഞു ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഫാത്തിമക്കുട്ടി അധ്യക്ഷതവഹിച്ചു. മന്‍സൂര്‍ കുഞ്ഞിപ്പു, എം.സി. അനീഷ്‌, പ്രിന്‍സിപ്പല്‍ ടി. ഹാരിസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ നടത്തി. ദേശീയോദ്‌ഗ്രഥന സെമിനാറില്‍ ഫീല്‍ഡ്‌ പബ്ലിസിറ്റി അസിസ്റ്റന്റ്‌ സി. ഉദയകുമാര്‍ വിഷയം അവതരിപ്പിച്ചു.